കൊടുങ്ങല്ലൂർ: അതിവേഗം മാറുന്ന ആധുനിക സാങ്കേതികവിദ്യയുടെ ഗതിവേഗത്തിനൊപ്പം അച്ചടിമേഖലയും മാറ്റത്തിന് തയാറാകണമെന്ന് മന്ത്രി ഒ. ജെ. ജനീഷ് അഭിപ്രായപ്പെട്ടു.
കേരള പ്രിന്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ചടിരംഗം സമഗ്രവും സമൂലവുമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. പുതിയ സാങ്കേതികവിദ്യകളോട് സമരസപ്പെട്ടു മാത്രമേ ഇനിയൊരു മുന്നോട്ടുപോക്ക് സാധ്യമാകൂവെന്ന തിരിച്ചറിവോടെ പ്രവർത്തിക്കാൻ അച്ചടിമേഖലയിലുള്ളവർ തയാറാകണം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ കാറ്റഗറികളിൽ ഭേദഗതികൾ വരുത്തി, അഞ്ച് എച്ച്പിക്ക് താഴെ വൈദ്യുതി ഉപയോഗിക്കുന്ന ചെറുകിട പ്രസുകളുടെ ലൈസൻസ് പുതുക്കുന്നതിലുള്ള സാങ്കേതിക തടസങ്ങൾ ഒഴിവാക്കുന്നതടക്കം സംഘടന മുന്നോട്ടുവച്ച ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
ജില്ലാ പ്രസിഡന്റ് സണ്ണി കുണ്ടുകുളം അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് വൈ. വിജയൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വനിതാവിംഗ് ഉദ്ഘാടനം സംസ്ഥാന ചെയർപേഴ്സൺ അനിതാ രാജ് നിർവഹിച്ചു. ശ്രീനി, രാജീവ് ഉപ്പത്ത്, രവി പുഷ്പഗിരി, പി. ബിജു, സി. കെ. ഷിജുമോൻ എന്നിവർ സംസാരിച്ചു.